Saturday, 4 June 2016

വല്ല്യച്ചൻ

തന്നേക്കാള്‍ പത്ത് വയസ്സിന് ഇളയതായ തന്‍റെ കുഞ്ഞനിയന്‍ ഏതോ ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോയി റെജിസ്റ്റര്‍ മാര്യേജ് ചെയ്തെന്ന വിവരമറിഞ്ഞ് സുരേഷ് തന്‍റെ പണി മതിയാക്കി സൈക്കിളുമെടുത്ത് വീട്ടിലേക്ക് കുതിച്ചു......
മുപ്പത്തിയഞ്ച് വയസ്സായിട്ടും പെണ്ണുശരിയാവാതെ പുരനിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന സുരേഷിന് ഇതറിഞ്ഞുള്ള സങ്കടവും വേദനയും സഹിക്കാവുന്നതിലപ്പുറമായിരുന്നു....
തുടയില്‍ കീറലുള്ള നരച്ച മൂന്ന് ജീന്‍സും , രണ്ട് ജോഡി ഷൂസും , രണ്ട് ജോഡി ജോക്കിയുടെ ജട്ടിയും , ഒരു കൂളിംങ് ഗ്ലാസ്സും , ഒരു മൊബൈലും , അടവ് തെറ്റിയിട്ട് സേട്ട് പിടിക്കാറായ ഒരു ബൈക്കും മാത്രം സമ്പാദ്യമുള്ള അവനെന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും സുരേഷിന് മനസ്സിലായില്ല..
അവനെന്ത് പറഞ്ഞാലും , അവനെന്ത് തെറ്റ് ചെയ്താലും അവന്‍ കൊച്ച് കുട്ടിയല്ലേ എന്ന് പറഞ്ഞ് അവനെ കൊഞ്ചിക്കാറുള്ള അമ്മ അവനെ ഇപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും എന്ന് കരുതി വീട്ടിലേക്ക് ഓടി ചെന്ന സുരേഷ് ആ കാഴ്ച്ച കണ്ട് ഞെട്ടി...
സന്തോഷത്തോടെ ഒരു ഞാലിപ്പൂവന്‍ പഴം തൊലിയുരിഞ്ഞ് കസേരയിലിരിക്കുന്ന വധൂവരന്‍മാരുടെ വായയില്‍ വച്ച് കൊടുത്ത് അവരെ സത്ക്കരിക്കുകയാണ് അമ്മ... ചുറ്റും കാഴ്ച്ചക്കാരായി കുറച്ച് അയല്‍ക്കാരുമുണ്ട്...
കല്ല്യാണം കഴിപ്പിച്ച് വിട്ട ഒരേയൊരു പെങ്ങള്‍ തൊട്ടടുത്ത് നില്‍പ്പുണ്ട്... അവള്‍ സുരേഷിനെ കണ്ടതും പറഞ്ഞു ' ദേ വല്ല്യേട്ടന്‍ വന്നല്ലോ ' എന്ന്...
അനിയന്‍റെ കല്ല്യാണം കഴിഞ്ഞതറിഞ്ഞ് ഓടിപ്പിടിച്ച് വന്നതാണവള്‍... ഇന്ന് തനിക്കൊരു പെണ്ണ് കാണാന്‍ കൂടെ വരാമോന്ന് ഇന്നലെ വിളിച്ച് ചോദിച്ചപ്പോള്‍ അളിയന് വയറിളക്കമായതോണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ അവളാണ് ഇപ്പോ ഇവിടെ നില്‍ക്കുന്നതെന്ന് സുരേഷ് മനസ്സിലോര്‍ത്തു...
വധൂവരന്മാരെ ഒന്ന് നോക്കി , ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി സുരേഷ് തന്‍റെ മുറിയിലേക്ക് പോയി കതകടച്ചു....
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിച്ചതും , പിന്നെ കുടുംബം പോറ്റാന്‍ കല്ലു ചെത്താനിറങ്ങിയതും , ഒാല വീട് മാറ്റി ഓടിട്ട വീട് പണിതതും , പെങ്ങളെ മാന്യമായി കെട്ടിച്ച് വിട്ടതും , ഇതിനെല്ലാം വേണ്ടി താന്‍ നേരിട്ട കഷ്ടപ്പാടുകളും , വിഷമങ്ങളും ഒരു സിനിമാ കഥപോലെ സുരേഷിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു...
ആ ഓര്‍മ്മകള്‍ കണ്ണ് നിറച്ചതിനിടയിലാണ് പുറത്ത് നിന്ന് ആരോ അമ്മയോട് ചോദിച്ചത് ''മൂത്ത മോന് ഇതുവരെ പെണ്ണൊന്നും ശരിയായില്ലേ '' എന്ന്.
''അവനതിന് കാണുന്ന കുട്ടികളെ വല്ലതും പറ്റണ്ടേ , നൂറു കൂട്ടം സങ്കല്പങ്ങളല്ലേ അവന് ' എന്നുള്ള അമ്മയുടെ മറുപടി കേട്ട് പെണ്ണുങ്ങളെല്ലാരും കൂടി പൊട്ടിച്ചിരിക്കുന്നത് അകത്തിരുന്ന് സുരേഷ് കേട്ടു...
ഒരുപാട് കുട്ടികളെ പോയി പെണ്ണ് കണ്ടു.. കണ്ടതില്‍ ഭൂരിഭാഗവും അവര്‍ക്കിഷ്ടമായില്ല. കാരണം പഠിപ്പും ജോലിയും തന്നെ... ഇനി അഥവാ അവര്‍ക്കിഷ്ടപ്പെട്ടതാണേല്‍ ആ കുട്ടികളെ പെങ്ങള്‍ക്ക് പറ്റില്ല.. അഥവാ പെങ്ങള്‍ക്ക് പറ്റിയാല്‍ അമ്മക്ക് പറ്റില്ല... നൂറു കൂട്ടം കുറ്റം കണ്ടു പിടിക്കും .... നിറം പോര , മുടി പോരാ , തടി പോരാ എന്നൊക്കെ . എന്നാല്‍ ഇതെല്ലാം ഒത്ത കുട്ടിയാണേല്‍ പെങ്ങള് പറയും അവളെ കണ്ടാലറിയാം അഹങ്കാരിയാണെന്ന് , അതോണ്ട് നമുക്കിത് വേണ്ടാ എന്ന്.. അങ്ങനെ വേണ്ടാന്ന് വച്ചതാണ് എല്ലാം....
ആ അമ്മയാണല്ലോ ഇപ്പോള്‍ എന്‍റെ സങ്കല്‍പ്പത്തെ കുറിച്ച് പറയുന്നതെന്നോര്‍ത്ത് , ആ പെങ്ങളാണല്ലോ ഒരു സാധാരണ കുട്ടിയായ അനിയന്‍റെ ഭാര്യയെ ഇപ്പോള്‍ സ്നേഹിച്ച് കൊല്ലുന്നതെന്നോര്‍ത്ത് , ഒരു ദീര്‍ഘനിശ്യാസം വിട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി..
അങ്ങാടിയിലേക്ക് പോവ്വാനായി സൈക്കിളുമെടുത്ത് ഇറങ്ങിയപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ച് സുരേഷിന്‍റെ അടുത്തേക്ക് ഓടിയെത്തി കാതില്‍ പറഞ്ഞു ' നീ വരുമ്പോള്‍ കുറച്ച് പാലും പഴവും കൊണ്ട് വരണംട്ടോ , അവന്‍ കൊച്ചു കുട്ടിയല്ലേ , അവനിതൊന്നും അറിയില്ല , ഇന്നവരുടെ ആദ്യ രാത്രിയാണ് ''
നാണത്തോടെ ഇതും പറഞ്ഞ് അമ്മ പോയപ്പോള്‍ സുരേഷിന്‍റെ നെഞ്ചിനകത്തൊരു കൊള്ളിയാന്‍ മിന്നി..
ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങാടിയിലേക്ക് പോയ സുരേഷിന് നേരിടേണ്ടി വന്നത് അനിയന്‍റെ ഒളിച്ചോട്ടത്തെകുറിച്ചുള്ള ചോദ്യങ്ങളും , കല്ല്യാണ വിശേഷങ്ങളുമായിരുന്നു...
ഇരുട്ടാവുന്നതിന് മുന്നെ വീട്ടിലേക്കെത്തിയ സുരേഷ് വേഗം ചോറുണ്ട് വാതിലടച്ച് കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. പഴയ ഓടിട്ട വീടായതിനാല്‍ മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചുമരുകള്‍ മേല്‍ക്കൂരയോട് മുട്ടാത്തവയായിരുന്നു..
അനിയനും ഭാര്യയും ചോറുണ്ട് വാതിലടക്കുന്ന ശബ്ദം കേട്ടതും സുരേഷിന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി... ആദ്യരാത്രിയിലേക്ക് കടന്ന വധൂവരന്മാരുടെ അടക്കി പിടിച്ച സംസാരവും, പുഞ്ചിരികളും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേഷിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.... ഇടക്കിടെ വരുന്ന കൊലുസ്സിന്‍റെ ശബ്ദം സുരേഷിന്‍റെ കാതിലേക്ക് തുളച്ച് കയറി... സഹിക്ക വയ്യാതെ ഒടുവില്‍ സുരേഷ് ഒരു ഭ്രാന്തനെപോലെ പുതപ്പെടുത്ത് ഇരു കയ്യാലും ചെവി മൂടി തലയിണയില്‍ കടിച്ചു പിടിച്ച് കമിഴ്ന്നുകിടന്നു...
നേരം വെളുത്തു...എണീറ്റ് വാതില്‍ തുറന്ന സുരേഷ് കണ്ടത് കുളിച്ച് കുറി തൊട്ട് ഒരു കപ്പ് ചായയുമായി തന്‍റെ ഭര്‍ത്താവിന്‍റെ മുറിയിലേക്ക് പോവുന്ന അനിയന്‍റെ ഭാര്യയെയാണ്....
ഒരു കപ്പ് ചായ അടുക്കളയില്‍ പോയെടുത്ത് കോലായിലേക്ക് വന്ന സുരേഷ് കണ്ടത് , മധുവിധു രാത്രിയില്‍ മണിയറയില്‍ വിതറിയ മുല്ലപൂക്കള്‍ വടക്കേ മുറ്റത്തെ തെങ്ങിന്‍റെ ചോട്ടില് ചിതറിക്കിടക്കുന്നതാണ്....
ഒന്നും മിണ്ടാതെ വേഗം കുളിച്ച് കുപ്പായം മാറ്റി സുരേഷ് പണിക്കിറങ്ങി... അനിയന്‍റെ കല്ല്യാണം കഴിഞ്ഞതിന് ചിലവ് ചോദിച്ച ചങ്ങാതിമാരോട് സുരേഷ് ഒന്നും പറഞ്ഞില്ല..
പണി കഴിഞ്ഞ് സുരേഷ് ആദ്യം പോയത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്.. ഒരു നല്ല സി. ഡി പ്ലെയറും വാങ്ങിയാണ് സുരേഷ് അന്ന് വീട്ടിലേക്ക് പോയത്..
അന്നു രാത്രി ചോറുണ്ട് ഉറക്കെ പാട്ട് വച്ച് സുരേഷ് സമാധാനത്തോടെ കിടന്നുറങ്ങി... ജനിച്ചതില്‍ ഇന്നേ വരെ ഒരു മൂളിപ്പാട്ട് പാടുകയോ , തീയേറ്ററില്‍ പോയി സിനിമ കാണുകയോ ചെയ്യാത്ത സുരേഷിന്‍റെ ഈ മാറ്റം കണ്ട് അമ്മയും പെങ്ങളും അന്തം വിട്ടു...
ദിവസങ്ങളും ആഴ്ച്ചകളും കടന്ന് പോയി. പതിവുപോലെ ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് വന്ന സുരേഷ് കണ്ടത് , ഭാര്യയെ എടുത്ത് വട്ടം കറക്കുന്ന തന്‍റെ കുഞ്ഞനിയനെയാണ്.. തന്നെ കണ്ടതും അനിയനവളെ താഴെയിറക്കി. അവള്‍ തെല്ലൊരു നാണത്തോടെ അകത്തേക്കോടി...
ഒന്നും മനസ്സിലാവാതെ നിന്ന സുരേഷിനോട് അടുക്കളയില്‍ നിന്ന് കൈ തുടച്ച് വന്ന അമ്മ സന്തോഷത്തോടെ പറഞ്ഞു '' എടാ നീ ഒരു വലിയച്ഛനാവാന്‍ പോവുന്നെടാ '' എന്ന്..
അത് കേട്ടിട്ടും കണ്ണുമിഴിച്ച് നിന്ന സുരേഷിന്‍റെ അരികിലേക്ക് ചെന്ന് അമ്മ മെല്ലെ പറഞ്ഞു ' എടാ അവള്‍ക്ക് വിശേഷമുണ്ടെന്ന് ''
കരയണോ ചിരിക്കണോ എന്നറിയാതെ സുരേഷ് കുറച്ച് നേരം അങ്ങനെ നിന്നു.. പിന്നെ മുറിയില്‍ പോയി കതകടച്ചു... കുറെ നേരം അവിടെയിരുന്നു...എന്തോ ആലോചിച്ചിട്ടെന്ന പോലെ കതക് തുറന്ന് പുറത്തിറങ്ങി...
അടുക്കളയിലേക്ക് നടന്നു..... അമ്മ അവിടെയുണ്ട്..
''അമ്മേ , എന്നെ കുഞ്ഞ് വല്ല്യച്ചാന്നാണോ വിളിക്കുക '' എന്ന ചോദ്യം കേട്ട് അമ്മ അതേന്ന് തലയാട്ടി. നല്ല രസമായിരിക്കുംല്ലേ അമ്മേ ഇനിയിവിടെ , കുസൃതിയും കളികളുമൊക്കെയായിട്ട് '' എന്ന കൗതുകത്തോടെയുള്ള സുരേഷിന്‍റെ ചോദ്യത്തിന് അമ്മ അതേ എന്ന് സന്തോഷത്തോടെ തലയാട്ടി...
ചെയ്യുന്ന ജോലി അവിടെയിട്ട് , എണീറ്റ് കൈ തുടച്ച് വന്ന അമ്മ സുരേഷിനോടായി പറഞ്ഞു ' നീ ഒരു അച്ഛന്‍റെ സഥാനത്ത് നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം , അത് നിന്‍റെ കടമയാണ് , ഇനി വിരുന്നു വരും , പ്രസവം വരും , ഇരുപത്തെട്ട് കെട്ട് വരും , ചോറൂണു വരും , എല്ലാം നീ വേണം മുന്നില്‍ നിന്ന് നടത്താന്‍ , അവന്‍റെ കയ്യിലെവിടെന്നാ ഇതിനൊക്കെ കാശ് , ചെറിയ കുട്ടിയല്ലേ അവന്‍ ''
ഇതു കേട്ട് സുരേഷ് അകത്തേക്ക് പോയി.. കുറച്ച് നേരം ആലോചിച്ചിരുന്നു.. എണീറ്റ് അയലില്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ കീശയില്‍ കയ്യിട്ടു.. അതില്‍ നിന്ന് കല്ല്യാണ ബ്യോക്കര്‍മാര്‍ കൊടുത്ത ഒരു കെട്ട് ജാതകകുറിപ്പെടുത്തു .. അത് തിരിച്ചും മറിച്ഛും നോക്കി... എന്നിട്ട് എല്ലാം കൂടി ചുരുട്ടി കൂട്ടി പുറത്തേക്കെറിഞ്ഞു....
പണ്ടെങ്ങൊ പൂരത്തിന് വാങ്ങി ഫ്രയിം ചെയ്ത് വച്ച ഒരു കുഞ്ഞുവാവയുടെ ചിത്രം അലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു . അതെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്ത് ഇനി ഇത് അനിയന്‍റെ മുറിയില്‍ തൂക്കണം അമ്മേന്ന് പറഞ്ഞു..
ഫോട്ടോ കയ്യില്‍ വാങ്ങി അമ്മ പറഞ്ഞു '' നീ ഇനി പഴയതുപോലെ ഒന്നും അയാല്‍ പോരാ , എന്നും ഇങ്ങനെ രണ്ടു പേര്‍ക്കും കൂടി ഒരു വീട്ടില്‍ കഴിയാന്‍ പറ്റുമോ , നിനക്കും വേണ്ടേ സ്വന്തമായി ഒരു വീട് , ഇളയകുട്ടിക്ക് ഈ വീടും പറമ്പും കൊടുക്കണേന്ന് അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ പറഞ്ഞതാ ,അവനാണേല്‍ ഇപ്പോ ഒരു കുടുംബവുമായി , ഞാന്‍ അവന്‍റെ കൂടെ അച്ഛന്‍റെ അസ്ഥിതറയില്‍ വിളക്കും വച്ച് ഇവിടെ കഴിഞ്ഞോളാം , എന്‍റെ കാര്യം ഓര്‍ത്ത് നീ പേടിക്കണ്ട ''
എല്ലാം കേട്ട് നിറഞ്ഞ കണ്ണോടെ ഉമ്മറപ്പടിയില്‍ പോയിരുന്ന സുരേഷിനോട് അമ്മ ഒന്നുകൂടി പറഞ്ഞു '' നിന്‍റെ ഓഹരി തരാന്‍ അവന്‍റെ കയ്യില്‍ ഒന്നും കാണില്ല , ചെറിയ കുട്ടിയല്ലേ അവന്‍ ''
'' അതെ അമ്മേ അവന്‍ ചെറിയ കുട്ടിയാണ് , അതുകൊണ്ട് അവന്‍ അച്ഛനാവാന്‍ പോകുന്നു..... .ഞാന്‍ വലിയ കുട്ടിയാണ് , അതുകൊണ്ട് ഞാന്‍ വല്ല്യച്ചനാവാന്‍ പോകുന്നു '' ഇതും പറഞ്ഞ് സുരേഷ് അകത്തേക്ക് കയറി കതകടച്ചു...
കതകടച്ചപാടെ കേട്ടത് ഒരു പൊട്ടികരച്ചിലായിരുന്നു... പിന്നെ കേട്ടത് ആ വീട്ടില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഉച്ഛത്തില്‍ സി . ഡി പ്ലെയറില്‍ നിന്നുള്ള സംഗീതമായിരുന്നു.....

Sunday, 7 February 2016

ദാമ്പത്യം


ദാമ്പത്യം





വളരെ ചെറിയ വരുമാനമുള്ള ഒരു കുടുംബം... ഭര്ത്താവിനു ചെറിയ ജോലി .... ഏതൊരു ഭാര്യയേയും പോലെ ചെറിയ ചില ആഗ്രഹങ്ങള്‍ അവളില്‍ ഉണ്ടായിരുന്നു. പക്ഷേ പരിഭവങ്ങളില്ല... കാരണം അവര്‍ക്ക് തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരുന്നു .ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു: 'ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?. അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ.......അയാള് 'ഉം' എന്ന് പറഞ്ഞ് മിണ്ടാതെയിരുന്നു. അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്‍റെ വാച്ചിന്‍റെ പട്ട അവള്‍ കണ്ടത്.

അന്ന് രാത്രി മുഴുവന് അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് സംസാരിച്ചു... പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ തലേന്നത്തെ സംഭവം മന്ത്രിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച് കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി...! സ്നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ തന്റെ വീട്ടിലെത്തി. പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. "നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഒരു സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്" മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്ത് വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി, റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി. ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു. അവള്‍ തല പതിയെ താഴ്ത്തികൊണ്ട് മറുപടി പറഞ്ഞു: "എന്റെ പാദസരം വിറ്റു."
പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്ത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകള് അയാള്‍ തുടച്ചു...!!!

രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്ഥ ദാമ്പത്യത്തില്‍...കുടുമ്പ ബന്ധങ്ങളൊക്കെ അഴിയാത്ത ഊരാ കുടുക്കുപോലെ കൊണ്ടു നടക്കുകയും വല്ല വിവാഹ ചടങ്ങിലോ പൊതു വേദിയിലോ മാതൃകാ ദമ്പതികളായും ജീവിക്കുന്നവരുടെ കാല്‍ ചുവട്ടിലേക്ക് ഇത് സമര്‍പ്പിക്കുന്നു ...സ്നേഹം മനസ്സില്‍ സൂക്ഷിച്ച് അത് പ്രകടിപ്പിക്കാതെ ജീവിച്ചിട്ട് എന്തു കാര്യം? ....

Thursday, 4 February 2016

എന്റെ പ്രണയം..


എന്റെ പ്രണയം. 




ഇ വരവ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്... എന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വരവ്.. "എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു. അടി, അവളുടെ ചേട്ടൻ മാരുടെ ഭീഷണി. ഒക്കെ ഓർക്കുമ്പോ ഇന്നലത്തെ പോലെ..

അവളെ ആദ്യം എവിടെ വെച്ച് കണ്ടെന്നറിയില്ല.. കുട്ടുകാരന്റെ കൂടെ പഠിച്ചിരുന്ന അവൾ എങ്ങനെയോ എന്റെ മനസ്സിൽ ഇടം പിടിച്ചു.. ആദ്യം ഒക്കെ സംസാരിക്കാൻ വന്നില്ലങ്കിൽ പോലും എങ്ങനെയോ അവളെ ഞാൻ എന്റെ കൂട്ടുകാരി ആക്കി. ഒരുപാട് താമസിയാതെ എന്റെ ഇഷ്ടo ഞാൻ പറഞ്ഞു. അവൾ അപ്പൊഎതിർത്തു എങ്കിലും എന്നെ തളർത്തിയില്ല. അവൾ പാറയുന്ന കാരണം "ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പുച്ച പിന്നെ വെള്ളം കണ്ടാൽ ഒന്ന് ഭയക്കും എന്നാ " അതിനു കാരണം ഉണ്ട്. അവൾക്കു കോളേജ്ൽ വെച്ച് ഉണ്ടായിരുന്ന സ്നേഹിതാൻ പറഞ്ഞു പറ്റിച്ചത് തന്നെ. കാര്യം അവളുടെ വീട്ടിൽ വലിയ വിഷയങ്ങൾ ഉണ്ടായപ്പോ അവൾ കാണിച്ച ദൈര്യം പോലും കാണിക്കാതെ അവൻ തല ഊരി.
                                                                അവൾക്കു എന്നെ ഇഷ്ട്ടം ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വിട്ടു കൊടുത്തില്ല.. പലപ്പോഴും ഞങ്ങൾ നേരിൽ കണ്ടു. സംസാരിച്ചു അവളുടെ മനസ്സറിഞ്ഞപ്പോ സത്യം പറഞ്ഞ ഒരുപാട് സ്നേഹം തോന്നി. അവൾ ഏതൊക്കെയോ മനസ്സിൽ ഒളിപ്പിക്കുന്നു എന്ന് തോന്നിയെങ്കിലും ചോദിയ്ക്കാൻ എന്റെ മനസ്സാനുവാദിച്ചില്ല. ഞാൻ അവളെ സ്നേഹിച്ചു. ആത്മാർഥമായി. അവൾക്കു ഇഷ്ട്ടമ പക്ഷെ അവൾ ഇതു നടക്കില്ല എന്ന് പറയാൻ കൂറെ കാരണം നിരത്തിയിരുന്നു. വീട്ടിൽ പറയാൻ പറ്റാത്തത്, പ്രായം, എന്നതിനും മുകളിൽ എനിക്ക് ഒരു ജോലി ഇല്ലാത്തത്. അല്ലേലും എഞ്ചിനീയറിംഗ് പഠിച്ച തൊഴിൽ എല്ലയിമ്മ ഉറപ്പാണല്ലോ.. വീട്ടിലെ സാഹചര്യം കാലനായി നിന്നുയെങ്കിലും ഞാൻ പൊരുതി. ഒരു ജോലി തരപെടുത്തി.. അങ്ങനെ പോകാൻ തയാറായി ഇരുന്നപ്പോ അതാ വരുന്നു അവളുടെ വിളി.. " എന്റെ വീട്ടിൽ കല്യാണം ഉറപ്പിക്കുവ " ഞാൻ ഏതു ചെയ്യണം.. കുടുതൽ ആലോചിച്ച കൈയിന്നു പോകും എന്ന് ഉറപ്പു മനസ്സിൽ വന്നത് കൊണ്ട് ഇറങ്ങി നില്ക്കാൻ പറഞ്ഞു. നേരെ പൊയി കല്യാണം.. വീട്ടിൽ ലഹള ഉണ്ടായെങ്കിലും ഒറ്റ മോൻ ആയോണ്ട് അകത്തു കയറ്റി.
 "വീട്ടിൽ എത്തി ഇറങ്ങുന്നില്ലേ " എന്റെ കഴിഞ്ഞ കാലത്ത് നിന്ന മനസ്സ് വേഗം തിരിച്ചെത്തി.. വലിയ മാറ്റം ഒന്നും സംഭവിച്ചില്ല.. വീട്ടിൽ ഒരു ആള് കൂടിയതെ ഒള്ളു.. അവൾ എന്നെ നോക്കി വരാന്തയിൽ നില്പ്പുണ്ടായിരുന്നു.. എന്റെ പ്രണയം..

Sunday, 31 January 2016

ചങ്കരന്റെ സ്വന്തം ചക്കി

 ചങ്കരന്റെ സ്വന്തം ചക്കി



                               കോളേജ് ജീവിതം കഴിഞ്ഞ സമയം.. ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ തന്ന കോളേജ് നിന്നു കിട്ടിയത അവനു അ കൂട്ടുകാരിയെ..ആദ്യമൊക്കെ വലിയ അടുപ്പം ഒന്നും ഇല്ലങ്കിലും.. പതിയെ പതിയെ അവർ നല്ല കുട്ടുകരായി.... 

                     അവന്റെ കഥകളും സന്തോഷും സങ്കടവും അവളുമായി പങ്ക് വെച്ചു.. അതുപോലെ തന്നെ അവളും. അവളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാം അവൾ അവനോടു പറഞ്ഞു. അവർ സംസാരിക്കാത്ത ദിവസങ്ങൾ ഇല്ലാണ്ടായി. ഓരോ ദിവസും സംഭവിക്കുന്ന കാര്യങ്ങൾ അവർ അക്കം ഇട്ടു പരസ്പരം പറഞ്ഞു.അവർ അടുത്തു ഒരുപാട്. ആവന്റെ മനസ്സിൽ അവൾ അവന്റെ എല്ലാമായി മാറികൊണ്ടിരുന്നു,അവളെ കുറിച്ചായി അവന്റെ ചിന്തകൾ. "ഇഷ്ട്ടമാ എന്ന് പറഞ്ഞാൽ അവൾ എങ്ങനെ എടുക്കും" എനോക്കെ ആയി അവന്റെ ചിന്ത. ഒടുവിൽ അവൻ തിരുമാനിച്ചു അവളോട് അവന്റെ ഇഷ്ട്ടം പറയാൻ. അവൻ ഒരുപാട് പരുങ്ങി എങ്കിലും അവളുടെ വാക്കുകൾ കണ്ടപ്പോൾ അറിയാതെ അവൻ പറഞ്ഞു. ഒരു പൊട്ടി തെറി മുന്നിൽകണ്ട അവനു കിട്ടിയത് കുറച്ചു ഉപദേശം മാത്രം. അതവനു മുന്നോട്ടു പോകാൻ ഉള്ള ആർജവമായി. ഒരുപാട് താമസിയാതെ തന്നെ അവൻ പറയാൻ കാത്തിരുന്ന പോലെ അവളുടെ മനസ്സിൽ നിന്നും ആ വക്കവനെ തേടി എത്തി.... അത് ഒരു പുതു വർഷമായിരുന്നു.  അവരുടെ പുതിയ ജീവിതം.. 

                             അവൻ അവളെ ചക്കി എന്ന് വിളിച്ചു അവൾ ചങ്കര എന്നും.. പഴംചൊല്ലു അനുവർതമാക്കും വിതം അവർ പ്രണയിച്ചു.ജാതിയം മതും നോക്കാതെ, വളർന്ന സാഹചര്യങ്ങൾ നോക്കാതെ,അവൾ പഠിക്കുന്നത് അകലെ ആണെങ്കിലും പോകുന്ന യാത്രയിൽ ഒരുമിച്ച് ഇരുന്നുഅവർ പ്രണയം കൈമാറി. വാക്കുകളിൽ വഴിയും മുത്തങ്ങൾ വഴിയും അവരുടെ പ്രണയം വളർന്നുകൊണ്ടിരിക്കുന്നു.ഒരു മാസം കൊണ്ട് വർഷങ്ങളുടെ പ്രണയം അവൾ അവനു നൽകി. 


                                                                                  തുടരും...

ഒരു പൂവിന്റെ ഓർമ്മയിൽ






ഒരു പൂവിന്റെ ഓർമ്മയിൽ 

                      
കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്‌.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടി ഉണ്ട്. കല്യാണം. 

കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിചെങ്കിലും അവസാനം ആ കാര്യത്തിൽ ഒരു തീരുമാനം ആയി. 

വീട്ടില് ഇരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി. ധനു മാസത്തിലെ സൂര്യന് നല്ല ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കു ഒന്ന് പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും  ചെയ്യാം. കുറച്ചു ദൂരം അല്ലെ ഉള്ളു നടന്നു തന്നെ പോകാം. 

പാടത്തിലേക്കുള്ള ഒതുക്കുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായം ആകുന്നില്ല  എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെ തന്നെ ഇരിക്കുക ആയിരുന്നു. നല്ല അധ്വാനി ആണ്, നല്ല മനുഷ്യനും ആണ്.

" എന്താ പിള്ളചേട്ടാ, കൃഷി ഒക്കെ ഇപ്പോഴും ഉണ്ടോ?.. " ഒരു കുശലാന്വേഷണം.

"ഇല്ല മോനെ ആരും ഇപ്പൊ കൃഷി ഒന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു തിന്നു പോകും.. ഇപ്പോൾ ഇതൊരു ശീലം ആയിപ്പോയി ഇടയ്ക്കു ഒന്ന് വന്നു പോകും..."

പതിവ് ചോദ്യങ്ങൾ ഒക്കെ ചോദിച്ചു പിള്ളചേട്ടൻ നടന്നകന്നു. 

പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.

"വെട്ടും കിളയും ഒന്നും ഇല്ലാത്ത കൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം."

എന്തിനാണ് ഞാൻ ഈ കണ്ടതിൻ വരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?

ആ ആര്ക്കറിയാം അങ്ങനെ തോന്നി.

മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടന്നിരുന്നതാണ്. ഇപ്പൊ വേണ്ട. കുറെ പെണ്ണുങ്ങൾ ഒക്കെ കടവിൽ ഉണ്ട്. എങ്ങാനും വീണാലോ. ചാടാൻ ഉള്ള എന്റെ ആഗ്രഹം ഞാൻ അടക്കി. 

കുറെ കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു പച്ചക്കറി പോലെ ആയി. 

ആരാ ആ നില്ക്കുന്നത്. മരിയച്ചേടത്തി അല്ലയോ ?

എന്റെ ചെറുപ്പത്തിലെ കുന്നായ്മ ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി. എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ആയമ്മയെ അങ്ങോട്ട്‌ വിട്ടാൽ മതി. 

നമുക്കിട്ടു നല്ല പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ. 

എന്നെ കണ്ടോ ആവോ, കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു കണ്ണ് പണ്ടേപോലെ പിടിക്കുന്നില്ല എന്ന് തോന്നുന്നു. 

പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങി തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു.

പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലെക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് റോഡിലേക്ക് എത്താം. സന്ധ്യ ആകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.

കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിചെടി. ഇതാരാ ഇവിടെ തെറ്റിചെടി വച്ചത്?

ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. അതെ ഇവിടെ ആണ്. അത് ഞാൻ മറക്കാൻ പാടില്ലാത്ത തായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.

ദിവ്യ, രാഖവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്‌. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു  പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ. 

ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധ വാഹിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു. 

കൊച്ചു ക്ലാസിൽ പഠിക്കുമ്പോൾ  ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്. ഇപ്പോൾ അത് ഓർക്കുമ്പോൾ... എത്ര ലാഘവം ആയിരുന്നു ആ ചിന്തകൾക്ക്... തിരിച്ചു കിട്ടാത്ത സുന്ദരം ആയ, നൈർമല്യം ഉള്ള കുട്ടിക്കാലം.

ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ. 

വളർന്നു വന്നപ്പോൾ അവളുടെ സൌന്ദര്യം ഇരട്ടിക്കുക ആയിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കും ഒരുപാടു  വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളര്ച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.

ദാവണിയുടുത്തു കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകചോട്ടിൽ ഞാൻ അവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.

ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ.... എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.

 "ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ" എന്ന് ആരോ ചോദിക്കുന്ന പോലെ. 

അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിൽ എന്ന്. 

കൊലുസിന്റെ ശബ്ദം കേള്പ്പിച്ചു, ദാവണി ഉടുത്തു  അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ചേലായിരുന്നു.

നിന്നെ എനിക്ക് ഇഷ്ടം ആണ് ദിവ്യെ എന്ന് മനസ് ആയിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല,  എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള  ധൈര്യം ഇല്ലായിരുന്നു. 

അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. ദാവണിയിൽ നന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൌന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ  ധൈര്യവും?

കോളേജിൽ അവളും  കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്. ഞാൻ ചോദിച്ചു.

"ദിവ്യ എവിടെ?"

"ചേച്ചി കൊയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.."

അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രം അല്ല എന്നിൽ നിന്ന് അത് കേട്ട പലർക്കും അത് വിശ്വസിക്കാൻ ആയില്ല. 

പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാൽ ആയി. 

കാലം എന്നാ മായജാലക്കാരൻ അങ്ങനെ ചില കഴിവ് കൂടി ഉണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.

ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ട്. ദിവ്യ മരിച്ചത്രെ. എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?

ഞാൻ വീട്ടില് എത്തി കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്നാ പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്ന കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുന്പിലെ ആള്ക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത‍ വിശ്വസിക്കാതെ പറ്റില്ലായിരുന്നു.

പിറ്റേന്ന് ദിവ്യയുടെ ചൈതന്യമറ്റ  ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത്‌ വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും. 

കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരം ആവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറക്കുവോളം കണ്ടു. 

കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്. 

ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ... വേണ്ട, ഓർക്കണ്ട എനിക്ക് ആ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ മറഞ്ഞിരിക്കട്ടെ. 

എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.

"മോനേ " ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്. 

ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.

രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..

"എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്..." വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.

ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു. 

ഞാനും കരയുക തന്നെ ആയിരുന്നു...

Monday, 19 October 2015

പ്രീയ സഖാവിനു പിറന്നാള്‍ ആശംസകള്‍

സമരങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വി.എസ്‌. അച്യുതാനന്ദന്‌ 92-ാം പിറന്നാള്‍. ആലപ്പുഴയിലെ പുന്നപ്രയില്‍ 1923 ഒക്‌ടോബര്‍ 20 നാണ്‌ വി.എസ്‌. ജനിച്ചത്‌. കയ്‌പ്പേറിയ ബാല്യകാല അനുഭവങ്ങളാണ്‌ അച്യുതാനന്ദന്‍ എന്ന പോരാളിയെ വാര്‍ത്തെടുത്തത്‌.
അമ്പലപ്പറമ്പിലൂടെ വഴിനടന്നതിനു ജന്മിമാരുടെ മര്‍ദനത്തെ ചെറുത്തുനിന്ന ആ ബാലന്റെ പോരാട്ടവീര്യം എട്ടു പതിറ്റാണ്ടിനുശേഷവും ജ്വലിച്ചുനില്‍ക്കുന്നു. വി.എസിന്റെ പോരാട്ടവീര്യം കേരളം പലകുറി കണ്ടതാണ്‌. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ ദൈന്യത നേരില്‍ കണ്ട വി.എസ്‌ അതിനെ തിരുത്താനായി കമ്മ്യൂണിസ്‌റ്റായി. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ കുലപതി പി.കൃഷ്‌ണപിളളയുടെ ശിക്ഷണം വി.എസിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. തൊഴിലാളികള്‍ക്കിടയില്‍ ജന്മിമാരുടെ ക്രൂരതകളെ ചെറുത്തു കൊണ്ട്‌ അവരുടെ നേതാവായി വളര്‍ന്നു.
കയര്‍, കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച്‌ വി.എസ്‌ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക്‌ ഉയര്‍ന്നു. കലാലയ വിദ്യാഭ്യാസത്തിന്റെ ചിട്ടവട്ടങ്ങളൊന്നും വി.എസ്‌. എന്ന നേതാവിനെ രൂപപ്പെടുത്തുന്നതിന്‌ ഇടയായിട്ടില്ല. ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ടതിനാല്‍ ഹൈസ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല. ജനകീയ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ ശാല.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ അദ്ദേഹം കരുത്താര്‍ജിച്ചു. പുന്നപ്ര-വയലാറിലെ വിപ്ലവ കൊടുങ്കാറ്റില്‍ ഭാഗഭാക്കായി.
ജന്മിത്വത്തിനും മാടമ്പിത്വത്തിനുമെതിരെ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹം 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്ത്‌ ഉറച്ചുനിന്നു.
പാലാ പൊലീസ് സ്റ്റേഷനില്‍ ബയണറ്റുകൊണ്ടുള്ള കുത്തേറ്റ് ബോധം മറഞ്ഞ വി.എസ്സിനെ മരിച്ചെന്നു കരുതി കാട്ടില്‍ കളയാന്‍ പൊലീസ് ജീപ്പില്‍ കൊണ്ടുപോവുമ്പോള്‍ കുഞ്ഞപ്പന്‍ എന്ന കള്ളന് തോന്നിയ കാരുണ്യം കാരണം പാലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഈ വിപ്‌ളവകാരിയുടെ പുനര്‍ജന്മത്തിന് നിമിത്തമായത്. ഈ 'രണ്ടാം' ജന്മത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ നയിക്കാന്‍ വി.എസ്സിന് തീര്‍ച്ചയായും പ്രായവും ആരോഗ്യവും ഇനിയും ബാക്കിയുണ്ടാവും...!

Friday, 16 October 2015

ഇഷ്‌ടം

ആർക്കും......... ആരും പകരമാകില്ലന്നു പറയുന്നത്‌
വെറുതെയാണ്‌.......?
നമ്മള്‍ ഒരുപാട്‌ സ്‌നേഹിക്കുന്നവർക്ക്‌
ചിലപ്പൊള്‍ നമ്മള്‍ വെറും പകരക്കാർ
മാത്രമാരിക്കും ........?
പുതിയ ഒരാള്‍ വരുബ്ബോള്‍ ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥാനം മാത്രമാരിക്കും
അവരുടെ മനസില്‍ നമുക്കുഉണ്ടായിരിക്കുക.....?
ദിവസങ്ങള്‍ എത്ര കൊഴിഞു വിണാലും*********?
നിന്നെ കുറിച്ചുള്ള ഓർമ്മകള്‍
ഓർക്കാന്‍ആണു എനിക്ക്‌ ഇഷ്‌ടം